തൊഴിലിന്‍റെ മഹത്വത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുന്നതിനും അവരില്‍ സാമൂഹിക സേവനത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും, സര്‍വ്വകലാശാലയോടു അഫിലിയേറ്റു ചെയ്തിട്ടുള്ള കോളേജുകളിലും വി.എച്ച്.എസ്.സി കളിലും ഹയര്‍സെക്കന്‍ററി സ്കൂളുകളിലും പോളിടെക്നിക്കല്‍ കോളേജുകളിലും, ഐ.റ്റി.കളിലും നടത്തുന്ന നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. ക്ളാസ് മുറികളില്‍ നിന്ന് ലഭിക്കുന്ന പരിമിതമായ അറിവിനുപരി തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യരുടെ സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിന് നാഷണല്‍ സര്‍വ്വീസ് സ്കീം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പദ്ധതികള്‍ അവരെ പ്രാപ്തരാക്കുന്നു. ഇതിലൂടെ നടപ്പിലാക്കി വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലിനോടുള്ള വീക്ഷണം മാറ്റിയെടുക്കുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സുപ്രധാനമായ കര്‍മ്മ പരിപാടികളാണ്.
വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ സര്‍ഗ്ഗ വാസനകളെ ക്രിയാത്മകമായ മേഖലയിലേക്ക് തിരിച്ചുവിടാനും സ്വയം സംരംഭക പരിപാടികളെ പരിചയപ്പെടുത്തുന്നതിലൂടെ സ്യയം തൊഴില്‍ കണ്ടെത്തുന്നതിന് പ്രേരിപ്പിക്കുവാനും നാഷണല്‍ സര്‍വ്വീസ് സ്കീം സഹായിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തിന് പൂര്‍ണ്ണ വികാസം നേടുന്നതിനുള്ള ഏറ്റവും ഉചിതമായ വേദിയാണ് നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തനങ്ങള്‍.
വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു വിദ്യാഭ്യാസ പരിപാടി ആയിട്ടാണ് നാഷണല്‍ സര്‍വ്വീസ് സ്കീമിനെ ആരംഭത്തില്‍ വിഭാവന ചെയ്തതെങ്കിലും ഇന്ന് അത് ഏറ്റെടുത്തു നടത്തുന്ന പരിപാടികള്‍ നിര്‍മ്മാണപരവും വികസനാത്മകവും എന്ന വിപുലമായ മാനം കൈവരിച്ചിട്ടുണ്ട്. സ്യന്തമായി അറിവും അനുഭവജ്ഞാനവും ആര്‍ജ്ജിക്കുവാനും പൊതുസമൂഹത്തിന് അവ പകര്‍ന്ന് നല്‍കുവാനും നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നു.